ജനീവ: ഫോർമുല വണ്‍ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായകമായ പുരോഗതിയെന്ന് റിപ്പോർട്ട്.
2013-ൽ ഫ്രഞ്ച് ആൽപ്സിൽ വച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കോമയിലായി കിടപ്പിലായിരുന്ന താരത്തിന്, ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടിഷ് മാധ്യമമായ ഡെയ്ലി മെയിലാണ് ഷൂമാക്കറുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞ 12 വർഷമായി ഒരു മുറിക്കുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷൂമാക്കർ ഇപ്പോൾ കിടപ്പിലല്ലെന്നും, വീൽചെയറിന്റെ സഹായത്തോടെ വീൽച്ചെയറിൽ ഇരിക്കുന്ന അവസ്ഥയിലാണെന്നും സ്പെയിനിലെ മയ്യോർക്കയിലുള്ള എസ്റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലുമെല്ലാം അദ്ദേഹം എത്താറുണ്ടെന്നുമാണ് റിപ്പോർട്ട്. 57 വയസുകാരനായ ജർമൻ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത കുടുംബാംഗങ്ങൾക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾക്കും മാത്രമറിയാവുന്ന രഹസ്യമായി സൂക്ഷിച്ചുവരികയായിരുന്നു.
‘ലോക്ക്ഡ്-ഇൻ സിൻഡ്രോം’ എന്ന അവസ്ഥയിലാണ് ഷൂമാക്കറെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പൂർണ ബോധത്തോടെയാണെങ്കിലും കണ്ണുകൾ ചിമ്മി മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ ഈ പ്രചാരണവും തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
ഭാര്യ കോറിനയും ഒരു സംഘം നഴ്സുമാരും തെറപ്പിസ്റ്റുകളും ചേർന്നാണ് താരത്തെ പരിചരിക്കുന്നത്. ഏഴു തവണ എഫ് വണ്‍ ലോക ചാന്പ്യനായ ഷൂമാക്കർ 2013 ഡിസംബർ 29നാണ് ഫ്രഞ്ച് ആൽപ്സ് പർവതനിരകളിൽ സ്കീയിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. 250 ദിവസത്തോളം കോമയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.